Friday, December 21, 2012

Lilet Never Happened...

ലിലെറ്റ് പിന്തുടരുകയാണ്

പെണ്‍മേനിയുടെ ചുവപ്പുതേടി തെരുവുകളില്‍ ഇറങ്ങുന്ന കഴുകന്‍െറ കിടക്കവിരിക്കുള്ളിലേക്ക് മകളെ തിരുകിവെക്കാന്‍ കച്ചവടമുറപ്പിക്കുന്ന ഒരമ്മ. അവരുടെ വര്‍ത്തമാനങ്ങളില്‍നിന്നും ഇളം ശരീരംകൊത്തിമുറിക്കപ്പെടുമെന്ന സത്യം തിരിച്ചറിയുന്ന 12 വയസ്സുകാരി. അവളുടെ മുഖത്തെ നിഷ്കളങ്കതയും അമ്മയുടെ മുഖത്തെ പണക്കൊതിയും ചേര്‍ത്തുകെട്ടിയ ചരടിനെ ‘ലിലെറ്റ് നെവര്‍ ഹാപ്പന്‍സ്’ എന്നു വിളിക്കാം. പെണ്‍ശരീരം കച്ചവടമുറപ്പിച്ച് കിടപ്പറയിലേക്ക് ഒളിച്ചുകടത്താനുള്ള സുഖഭോഗ വസ്തു മാത്രമായി കണക്കാക്കുന്ന ലോകത്തിനു മുന്നില്‍ ഫിലിപ്പേന്‍സിന്‍െറ ഹൃദയമായ മനിലയില്‍നിന്ന് പറത്തുതുടങ്ങിയ കഥയാണ് ലിലെറ്റ് എന്ന പെണ്‍കുട്ടിയടേത്. അതുവരെ കാണാത്ത സ്നേഹത്തിന്‍െറ മാംസം പുരണ്ട ചിരിയില്‍ ജീവിതം അലിഞ്ഞുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍െറ കഥയാണ് ‘ലിലെറ്റ് നെവര്‍ ഹാപ്പന്‍റ്’ എന്ന ചിത്രത്തിലൂടെ ജേക്കോ ഗ്രോന്‍ എന്ന നെതര്‍ലാന്‍റുകാരന്‍ പറയുന്നത്. ഒരു ഡോക്യുമെന്‍ററി ചെയ്യാന്‍ ഫിലിപ്പിയന്‍സിലേക്ക് പോയതാണ് ജേക്കോ. അവിടെ തെരുവിന്‍െറ ചുവന്ന മടിത്തട്ടില്‍ പിഞ്ചു പ്രായം മാറാത്തൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. മുഴുവന്‍ സമയ മാംസ വില്‍പനക്കാരി. ലിലെറ്റ് എന്നു പരിചയപ്പെടുത്തിയ ആ കുട്ടി അവളുടെ അഴുക്കുചാല്‍ നീന്തിക്കടന്ന പ്രതിരോധത്തിന്‍െറ കഥ ജേക്കോക്ക് പറഞ്ഞുകൊടുത്തു. കുട്ടിത്തം വിട്ടുമാറാത്ത അവളുടെ നാവില്‍നിന്ന് പുറത്തുവന്ന ആ സത്യങ്ങള്‍ അയാളുടെ ഉള്ളില്‍ നീറുന്ന പൊള്ളലുകള്‍ വീഴ്ത്തി. അങ്ങനെ ഡോക്യുമെന്‍ററി സംവിധായകന്‍ ആദ്യമായൊരു സിനിമക്ക് തിരക്കഥയെഴുതാന്‍ ശ്രമിച്ചു. ദിവസങ്ങള്‍കൊണ്ട് ലിലെറ്റെന്ന പെണ്‍കുട്ടി നടന്ന വഴികളും അവളുടെ കാലില്‍ തറച്ച മുള്ളുകളും ജേക്കോ തന്‍െറ തിരക്കഥയില്‍ നോവിന്‍െറ പ്രതിഷേധങ്ങള്‍ നിറച്ചെഴുതി. തിരക്കഥ സിനിമയിലേക്ക് ചേക്കേറാന്‍ പിന്നെയും വേണം കടമ്പകള്‍. കുരുന്നുകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് സംബന്ധിച്ച് നിരവധി സിനിമകളും നാടകങ്ങളും ലോകം മുഴുവന്‍ ഇറങ്ങിയിട്ടുണ്ട്. അവിടെ വ്യത്യസ്തയായ ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന് നിര്‍ത്തുക പ്രതിസന്ധിയായി. ഏറെ അന്വേഷണത്തിനൊടുവില്‍ ജാമില്ല വാന്‍ സെര്‍ഹള്‍സ്റ്റ് എന്ന സാമൂഹിക പ്രവര്‍ത്തകയെ കണ്ടുമുട്ടുന്നു. ലിലെറ്റ് എന്ന ചെറുശരീരത്തില്‍നിന്ന് വീണ ചോരയുടെ കണക്കു പറയാനും ലോകം ഇനിയുമൊരു ലിലെറ്റിനെ തെരുവിന്‍െറ മടിയിലേക്ക് പെറ്റെറിയരുതെന്ന് ഓര്‍മപ്പെടുത്താനും ജാമില്ല തീരുമാനിച്ചു. അങ്ങനെ മൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടം, പ്രതിസന്ധികളില്‍ തട്ടിവീണും തളര്‍ന്നും ആ സിനിമ ചിത്രീകരിച്ചു. ആദ്യസീന്‍ മുതല്‍ അവസാനം വരെ നെഞ്ചില്‍ കത്തിച്ചുവെച്ച നീറ്റലുള്ള നെരിപ്പോടായി ലിലെറ്റ് നിറഞ്ഞുപതിഞെരിയുന്നു. ഗോവയിലെ അന്താരാഷ്ട്രാ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞപ്പോള്‍ സംവിധായകനെ പ്രേക്ഷകര്‍ വാരിയെടുത്തു. മേളയുടെ മനസ്സും കൈകളില്‍ ചേര്‍ത്തുപിടിച്ചാണ് ജേക്കോ വേദിവിട്ടകന്നത്.


അവള്‍ വെറുമൊരു പെണ്ണല്ല
മനിയിലെ തെരുവില്‍ ചപ്പുചവറുകള്‍ വാരിവില്‍ക്കുന്ന നാടോടികളുടെ കൂട്ടത്തില്‍നിന്നാണ് ലിലെറ്റെന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്വന്തം അമ്മ വിലപറഞ്ഞ് വില്‍ക്കുന്ന കാഴ്ച നേരില്‍ കണ്ടപ്പോള്‍ ആ ഹോട്ടലിന്‍െറ പിന്നാമ്പുറം വഴി ഓടി രക്ഷപ്പെട്ട ലിലെറ്റ് എത്തിപ്പെട്ടത് തെരുവിലെ അരണ്ട വെളിച്ചം നിറഞ്ഞ യാതനയിലേക്കാണ്. അവിടെ പക്ഷേ, അവള്‍ ശാരീരികവും മാനസികവുമായി സുരക്ഷിതയായിരുന്നു. ആ സുരക്ഷിതമായ ഒളിമറയില്‍നിന്നാണ് പൊലീസ് അവളിലെ കുരുന്നു ജീവനെ ജയിലിലടച്ചത്. ജയിലില്‍ പരിഗണന കിട്ടാനും ജാമ്യം നേടാനും ആ ശരീരം വിട്ടുകൊടുക്കാന്‍ പറയുന്ന പൊലീസുകാരന്‍െറ മുഖത്തടിക്കുന്ന ലിലെറ്റാണ് കഥ പറച്ചിലില്‍ ആദ്യത്തെ വഴിത്തിരിവുണ്ടാകുന്നത്. അവളുടെ ആ പ്രഹരം ചെന്നു പതിച്ചത് ആ പൊലീസുകാരന്‍െറ മുഖത്ത് മാത്രമല്ല, സമൂഹത്തിലെ പെണ്‍കൊതിയുടെ ക്രൂര മുഖങ്ങളിലായിരുന്നു. പക്ഷേ, അതിന്‍െറ പ്രതികരണം ക്രൂരമായിരുന്നു. കുഞ്ഞ് ലിലെറ്റിന്‍െറ മുഖവും മേനിയും അയാളുടെ ബൂട്ടും കൈകളും ബലം പരീക്ഷിച്ച് അവശയാക്കി. ഏതൊരു ദുര്‍ബല പ്രതികരണവും അവസാനിക്കും പോലെ അവളും പരാജയപ്പെട്ടു വീണു.
ആ ലോക്കപ്പ് മുറിയില്‍ നിന്നാണ് ലിലെറ്റിനെ ജീവിതത്തിലേക്ക് ക്ളെയര്‍ എന്ന സാമൂഹിക പ്രവര്‍ത്തക രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാമ്യം നേടിയ ലിലെറ്റിനെ അമ്മയുടെ അടുത്തേക്കാണ് സ്നേഹസമ്പന്നയായ ക്ളെയര്‍ എത്തിക്കുന്നത്. എന്നാല്‍, അതായിരുന്നു അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. വൈകാതെ ആ മാംസത്തെരുവില്‍നിന്ന് ലിലെറ്റ് സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ ഡാന്‍സ് ബാറിലേക്ക് ജീവിതം പറിച്ചുനട്ടു. ഒരു പരിഥിവരെ സുരക്ഷിതമായിരുന്ന അവിടെ അവളുടെ ശരീരം ആദ്യമായി വില്‍പനക്ക് വെക്കേണ്ടി വരുന്നു. ശരീരത്തിന്‍െറ കച്ചവടസാധ്യതയെക്കുറിച്ച് പറഞ്ഞുപഠിപ്പിക്കുന്ന ബാര്‍ ഓണര്‍, നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കാനാവാത്തതില്‍ സ്വയം കലഹിക്കുന്ന സ്ത്രീകള്‍ പെണ്ണുടല്‍ കനവുകണ്ട് മൂക്കറ്റം കുടിച്ച് മദിക്കുന്ന ആണ്‍ സിംഹങ്ങളും ലിലെറ്റിന്‍െറ മുന്നില്‍ വേഷങ്ങളായി കടന്നുവരുന്നു.
അവിടെയൊരു സ്ത്രീയെന്ന സാധ്യതയെ അവള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു. അവളിലെ കുരുന്നു പെണ്‍കുട്ടിയോടുള്ള വാത്സല്യമല്ല, മറിച്ച് ശരീരത്തിലേക്ക് തുറക്കുന്ന മാംസക്കൊതിയുടെ ചിരിയാണ് പലരിലും അവള്‍ കാണുന്നത്. ഡാന്‍സ് മുറിയില്‍ വന്ന് ഇളയച്ചന്‍ ലിലെറ്റിന്‍െറ ശരീരത്തിന് വിലയിടുന്ന ഒരു രംഗമുണ്ട്. 500 പെസോ എന്ന് കേള്‍ക്കുമ്പോള്‍ അയാള്‍ക്കുവേണ്ടി ആ രാത്രി മാറ്റിവെക്കാന്‍ ബാര്‍ നടത്തിപ്പുകാരി മാഡം ക്യൂറിംങ് ആവശ്യപ്പെടുന്നു. വീട്ടില്‍ നിന്ന് ഓടിപ്പോന്നത് ഈ കാട്ടാളനു വഴങ്ങാന്‍ മടിച്ചിട്ടാണെന്ന് പറഞ്ഞു പിന്‍മാറാന്‍ നോക്കുന്നുണ്ടെങ്കിലും അവള്‍ പ്രതിതോധത്തിലാകുന്നു. തുടര്‍ന്ന് ഒരു തികഞ്ഞ അഭിസാരികയെപ്പോലെ അവള്‍ ഡാന്‍സ് ഹാളിന്‍െറ നടത്തളത്തിലിറങ്ങി സ്വന്തം ശരീരത്തിനെ ലേലത്തില്‍ വെക്കുന്നു. ആ കുരുന്നു ശരീരത്തെ കൊത്തി പറിച്ചെടുക്കാന്‍ 1000, 2000, 3000 ...എന്നിങ്ങനെ തുക ഉയരുന്നു. ആ ലേലം വിളിക്കിടയില്‍ അര്‍ഥമയക്കത്തില്‍ അവളുടെ കുഞ്ഞിക്കണ്ണുകളിലെ നിഷ്ങ്കത കണ്ട ചെറുപ്പരന്‍ 10000 പെസോ വിലയിടുന്നു. ചെറിയച്ചനില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ അവള്‍ ആ സമ്പന്നനൊപ്പം ആ രാത്രി പങ്കിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അവളിലെ നിഷ്കളങ്ക മാലാഖയെ രക്ഷിക്കാനുള്ള ദൗത്യം മാത്രമായിരുന്നു തന്‍െറ ലേലം വിളിയെന്ന് പറഞ്ഞ് അവളെ അദ്ഭുതപ്പെടുത്തുന്ന യുവാവ് ചിത്രത്തില്‍ അലിവിന്‍െറ ഒരു സാന്നിധ്യമായി കടന്നു പോവുകയാണ്.
ആ കാഴ്ചകള്‍ പകര്‍ത്തി 12 വയസ്സുകാരി പെണ്‍കുട്ടിയിലൂടെ ജേക്കോ സിനിമ പറഞ്ഞു തുടങ്ങുമ്പോള്‍ പല രംഗങ്ങളും കണ്ടിരിക്കാന്‍ ഒരു ഹൃദയത്തിന്‍െറ കരുത്ത് പോരാതെവരും.
ഡാന്‍സ് ബാറിലെ പൊലീസ് റെയ്ഡിലൂടെ പിന്നെയും തെരുവിലകപ്പെട്ട ലിലെറ്റ് സ്വന്തം കഴിവിലൂടെ പിന്നെയും പിന്നെയും നഗരത്തെ തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. ലിലെറ്റ് എന്ന കുരുന്നു പെണ്‍കുട്ടിയല്ല ഇവിടെ കഥപറയുന്നത്, ലോകത്താകമാനം പ്രതിവര്‍ഷം മാംസ വിപണിയിലേക്ക് സമൂഹം വലിച്ചെറിയുന്ന 1.6 മില്യണ്‍ കുട്ടികളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം.
ഡേവിഡ് സ്ചിസ്ഗാള്‍, നിന അല്‍വാര്‍സ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെരി യംഗ് ഗേള്‍സ്’ എന്ന ചിത്രവും 2010 ല്‍ ഓസ്കാര്‍ അക്കാദമി നോമിനേഷന്‍ നേടിയ ആഫ്രിക്കന്‍ ചിത്രമായ ‘ലൈഫ് എബോ ആള്‍’ ഉം 2002 ലെ ‘സോന്നി’ യെന്ന അമേരിക്കന്‍ ചിത്രവുമെല്ലാം പറഞ്ഞുതന്നത് ബാല വേശ്യകളുടെ നീറുന്ന അനുഭവങ്ങളായിരുന്നു. എന്നാല്‍ ലിലെറ്റ് പറയുന്നത് ഒരു പെണ്‍കുട്ടിയെ ചുറ്റുപാടുകള്‍ എങ്ങനെ ചതിവലയില്‍ കുരുക്കുമെന്ന സത്യമാണ്. ഈ കഥപറച്ചിലില്‍ ഒരിടത്തും സംവിധായകന്‍െറ മസാലകലര്‍ന്ന വാചകങ്ങളോ സീനുകളോ ഇല്ല. ഉള്ളതെല്ലാം ലിലെറ്റെന്ന പെണ്‍കുട്ടിയുടെ ഒട്ടിയവയറിന്‍െറ നിര്‍വികാരമായ തേങ്ങല്‍മാത്രം.

1 comment:

vidhyarthi said...

ഇനി ലിലെറ്റുകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത് തടയാന്‍ നമുക്ക് സാധിക്കട്ടെ.