Friday, December 21, 2012

ozhimuri ..madhupal movie

ഒഴിമുറിയിലെ
വൈറ്റ് ടൈഗര്‍

ജി. പ്രജേഷ് സെന്‍

കുറ്റിക്കാടിനുള്ളിലെ ഒളിയിടങ്ങളെ ഭേദിച്ച് ഇടക്കിടെ ഇടിനാളം പോലെ വന്നുപോകുന്ന അവന്‍െറ സാന്നിധ്യം യുദ്ധഭൂമിയില്‍ ഭീതിയുടെ കാര്‍മേഘം സൃഷ്ടിക്കും. നിശ്ശബ്ദമായ വരവാണ്, ശാന്തനായ ഒരു കൊമ്പനാനയെപ്പോലെ പതിഞ്ഞു പതിഞ്ഞത്തെി പിന്നെ വീറും വാശിയും മുഖത്തണിഞ്ഞ് നിമിഷനേരംകൊണ്ട് ഭ്രാന്തന്‍ കടുവയായിമാറും. പിന്നെ, കണ്ണില്‍ കാണുന്നതൊക്കെ നിര്‍ഭയം കടിച്ചുതുപ്പും. കരേന്‍ ഷഖ്നാസ് റോവ് എന്ന റഷ്യന്‍ സംവിധായകന്‍െറ ഏറ്റവും പുതിയ യുദ്ധസിനിമയായ ‘ദ വൈറ്റ് ടൈഗറി’ലെ വിവരണമാണിത്. രണ്ടാംലോകയുദ്ധകാലത്ത് റഷ്യ-ജര്‍മന്‍ യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമ സമകാലിക യുദ്ധസിനിമകള്‍ക്ക് ശക്തമായൊരു മറുപടിയാണ്.
ചിത്രത്തില്‍ ഇയാന്‍ നൈഡെനോവ് എന്ന ടാങ്ക് ഡ്രൈവറുടെ വിചിത്രമായ കഥയാണ് സംവിധായകന്‍ പറയുന്നത്. ജര്‍മന്‍ ടാങ്കുകളുടെ ആക്രമണത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഇയാനെ പട്ടാള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആ ആശുപത്രിവാസത്തില്‍ ഡോക്ടര്‍മാരെ വിസ്മയിപ്പിച്ചുകൊണ്ട് ഇയാന്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നു. 90 ശതമാനം പൊള്ളലേറ്റ ഒരാള്‍ സുഖംപ്രാപിച്ചാലുണ്ടാവുന്ന പരിക്കുകളോ അടയാളങ്ങളോ അയാളില്‍ ഉണ്ടായിരുന്നില്ല. ഒപ്പം, പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും. മറവിയുടെ ആഴത്തില്‍ സ്വന്തം പേരുപോലും ഓര്‍ക്കാനാവാത്ത ഇയാന്‍ പക്ഷേ, പ്രവര്‍ത്തിപ്പിക്കലിന്‍െറ തന്‍െറ ടാങ്കര്‍ തന്ത്രം മറന്നില്ല. മറന്നില്ളെന്നു മാത്രമല്ല, ഓര്‍മയില്‍ മുഴുവന്‍ പ്രഹരശേഷിയുമുള്ള ജര്‍മന്‍ ടാങ്കറായ വൈറ്റ് ടൈഗറിനെക്കുറിച്ചുള്ള വേവലാതിയായിരുന്നു.
‘അവന്‍ വരും, നിശ്ശബ്ദതയെ മുറിച്ചുമാറ്റി, തീതുപ്പി, രക്തം കുടിച്ച് കടന്നുപോകു’മെന്ന് ഇയാന്‍ പറയുന്നുണ്ടെങ്കിലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് വകവെക്കുന്നില്ല. പക്ഷേ, നിശ്ശബ്ദ താഴ്വരയില്‍ അവന്‍ വലിയ പ്രഹരശേഷിയോടെ കടന്നുവരുന്നു. ഇയാന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ അവന്‍ എത്തുന്നു. എങ്കിലും, ആ കരുത്തനായ ജര്‍മന്‍ ടാങ്കറിനെ പ്രതിരോധിക്കാനാകാതെ റഷ്യന്‍ പട പിന്നാക്കം പോകുന്നു.
ഈ ചിത്രത്തിലെ നായകനായ ഇയാനും വില്ലനായ ജര്‍മന്‍ വൈറ്റ് ടൈഗര്‍ ടാങ്കറും നമ്മളിലുണ്ടാക്കുന്ന വികാരം പലതാണ്. യുദ്ധമുഖത്ത് നിസ്സഹായനായി നില്‍ക്കുന്ന ഇയാന്‍െറ കൈകളില്‍ ഒരു പിസ്റ്റളെങ്കിലും പിടിപ്പിച്ചുകൊടുക്കാന്‍ നമ്മള്‍ ആഗ്രഹിച്ചുപോകും.
അതേസമയം, മരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് പതിയെ പതിയെ പൊന്തിവരുന്ന വൈറ്റ് ടൈഗറിനെ നമ്മള്‍ വല്ലാതെ പേടിക്കും. പക്ഷേ, ഭയത്തിനിടയിലും ആ വരവ് നമ്മള്‍ ഇഷ്ടപ്പെടും. ശാന്തനായി കടന്നുവരുമ്പോള്‍ ആ മുഖത്ത് പക്ഷേ, രൗദ്രഭാവമുണ്ടാകും. ഏത് പ്രദേശമാണ് അതിന്‍െറ ഗര്‍ജനത്തില്‍ കത്തിയമരുന്നതെന്ന് നമുക്ക് തിരിച്ചറിയാനാകില്ല. പ്രവചിക്കാനാകാത്തവിധം ക്ഷോഭവും ചുമലിലേറ്റിയാണ് ആ ജീവനില്ലാത്ത യുദ്ധയന്ത്രം സീനില്‍ എത്തുന്നത്. പക്ഷേ, അതിന്‍െറ വരവിലും പോക്കിലും പ്രേക്ഷകന്‍ കസേരക്ക് മുകളില്‍ കാലുകള്‍ കയറ്റിയിരുന്ന് പ്രാര്‍ഥിച്ചുപോകും.
ഗോവയിലെ 43ാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോക സിനിമകളുടെ മത്സരവിഭാഗത്തില്‍ അവതരിപ്പിച്ച ‘വൈറ്റ് ടൈഗര്‍’ കണ്ടിറങ്ങിയ പലരും ചിത്രത്തിലെ ഒരു കഥാപാത്രത്തെപോലെയാണ് ആ വെളുത്ത ടാങ്കിനെ കണ്ടത്. അത്രമാത്രം തനിമ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. ഇയാനും ജര്‍മന്‍ ടാങ്കറും സിനിമയിലഭിനയിച്ച രണ്ട് മനുഷ്യരായി നമുക്ക് അനുഭവപ്പെട്ടത് അതിന്‍െറ അവതരണത്തിലെ മികവാണ്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി’ കണ്ടിറങ്ങിയ വിദേശ സിനിമ പ്രവര്‍ത്തക ജാമില്ല പറഞ്ഞത് അതിലെ പ്രധാന കഥാപാത്രമായ താണുപിള്ള ഓരോ സീനില്‍ വരുമ്പോഴും ആ വൈറ്റ് ടൈഗര്‍ ടാങ്കിനെ ഓര്‍മവരും എന്നാണ്. ലാല്‍ അവതരിപ്പിച്ച താണുപിള്ളയെന്ന ‘ഒഴിമുറി’യിലെ കേന്ദ്ര കഥാപാത്രം കടന്നുവരുന്ന ഓരോ രംഗത്തിലും സ്തോഭം നിറച്ച മുഖമാണ് നമ്മള്‍ കാണുന്നത്.
ഉള്ളില്‍ നിറയെ മുറിവുകളുടെ നീറ്റല്‍ പേറി നടക്കുന്ന താണുപിള്ള ഏത് സാഹചര്യത്തിലും പൊട്ടിത്തെറിക്കാവുന്ന ഒരു ടാങ്കര്‍തന്നെയാണ്. അത് ആരുടെ നേര്‍ക്കാണ് വെടിയുതിര്‍ക്കുന്നതെന്നും പറയാന്‍ കഴിയില്ല. സ്നേഹമെന്ന വികാരത്തിന്‍െറ ഉണങ്ങിവരണ്ട കറുത്ത ഒരവശിഷ്ടമാണ് ലാലിന്‍െറ താണുപിള്ള. പിതാവിന്‍െറ ഉള്ളില്‍നിന്ന് തെറിച്ചുവീണു കിട്ടിയ പ്രതിഷേധത്തിന്‍െറ നോവാണ് താണുപിള്ളയെന്ന കഥാപാത്രത്തിന്‍െറ ശക്തി. ജീവിതത്തിന്‍െറ സായാഹ്നത്തില്‍ വിവാഹമോചനം തേടി കോടതി കയറുന്ന ഭാര്യയുടെ മുന്നില്‍ വെറുപ്പിന്‍െറ അവതാരം മാത്രമല്ല താണുപിള്ള. എല്ലാ ദുര്‍മേദസ്സുകളും കെട്ടിത്തൂക്കിയ വലിയൊരു കോപത്തിന്‍െറ സത്വം. ആ വേഷം ഇത്രയും ശക്തിയോടെ അവതരിപ്പിച്ചത് ലാല്‍ എന്ന നടനാണെന്ന് വിശ്വസിക്കാനാകില്ല. അത്രമാത്രം മാറിപ്പോയി കഥാപാത്രവും ലാല്‍ എന്ന സമകാലിക നടനും. ഓരോ ചെറു സ്വീക്വന്‍സിലും താണുപിള്ള നോട്ടത്തിലും സംഭാഷണത്തിലും വ്യക്തിത്വം പുലര്‍ത്തുന്നുണ്ട്. പഴയകാലത്തിലേക്ക് സിനിമകള്‍ നടക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ കാഴ്ചയെ മടുപ്പിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ പല ചരിത്രസിനിമകളും മൂക്കുകുത്തി വീണത് പ്രേക്ഷകന്‍െറ യുക്തിയെ ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. ഇതിലെ കാളിപ്പിള്ളയായ ശ്വേതാമേനോനും മല്ലികയും ആസിഫ് അലിയുമെല്ലാം കുറവുകളില്ലാത്ത മികവാണ് കഥാപാത്രങ്ങളോട് കാട്ടിയത്.
മധുപാല്‍ എന്ന ഇന്ത്യന്‍ സംവിധായകനും കരേന്‍ ഷഖ്നാസ് റോവ് എന്ന റഷ്യന്‍ സംവിധായകനും ചിത്രങ്ങളുടെ ട്രീറ്റ്മെന്‍റില്‍ ചിലയിടങ്ങളില്‍ ഒരേ തൂവല്‍പ്പക്ഷികളായി കടന്നുപോകുന്നത് കാണാനാവുമെന്നാണ് ചിത്രം കണ്ടിറങ്ങിയ ബ്രസീലിലെ ചലച്ചിത്ര നിരൂപകന്‍ വാന്‍ ജോ പറഞ്ഞത്.
‘വൈറ്റ് ടൈഗറി’ല്‍ ഒരു യുദ്ധ ടാങ്കറിനെ മനുഷ്യനെപ്പോലെ നമുക്കുമുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചു. അതേസമയം, ‘ഒഴിമുറി’യില്‍ ഒരു മനുഷ്യനെ പ്രഹരശേഷിയുള്ളൊരു പര്‍വതമാക്കി ചിത്രീകരിച്ചു. ഏതുസമയവും പൊട്ടിയൊലിക്കാവുന്ന ലാവ തിളച്ചുപൊന്തുന്ന ഒരഗ്നി പര്‍വതം. ഇതൊരു നടന്‍െറ വിജയവും സംവിധായകന്‍െറ കരുത്തമാണെന്ന് വാന്‍ ജോ എടുത്തുപറഞ്ഞു.
തെക്കന്‍ തിരുവിതാംകൂറിന്‍െറ ഹൃദയരേഖകള്‍ക്കുള്ളിലൂടെ സൂക്ഷ്മമായി നടത്തുന്ന സഞ്ചാരമാണ് ‘ഒഴിമുറി’. നായര്‍ തറവാടുകളിലെ മക്കത്തായവും മരുമക്കത്തായവും അധികാരത്തിന്‍െറ രണ്ട് ശക്തമായ കോട്ടകളായി ‘ഒഴിമുറി’യില്‍ കടന്നുവരുന്നുണ്ട്.
അതേസമയം, ‘വൈറ്റ്ടൈഗറി’ല്‍ രണ്ട് മഹാ സാമ്രാജ്യങ്ങള്‍ യുദ്ധക്കൊതിയുടെ കോപ്പുകൂട്ടല്‍ നടത്തുന്നതിന്‍െറ പച്ചയായ വിവരണം നല്‍കുന്നു.
മനുഷ്യന്‍െറ ഉള്ളിലെ സ്നേഹമെന്ന നനുത്ത വികാരത്തിന് ഉണക്കി ഭേദമാക്കാനാവാത്ത മുറിവുകളില്ളെന്ന് ഈ സിനിമകള്‍ പഠിപ്പിക്കുമ്പോള്‍ യുദ്ധവും കലാപവും പ്രതിഷേധവും വലിയ അര്‍ഥതലങ്ങളില്‍നിന്ന് നമ്മുടെ കാല്‍ച്ചുവടിലേക്ക് ചുരുങ്ങുന്നതായി തോന്നും. രണ്ട് ചിത്രങ്ങള്‍ വെളുത്ത സ്ക്രീനില്‍ അവസാനിക്കുമ്പോള്‍ സംവിധായകര്‍ രണ്ടുപേരും വലിയ കള്ളന്മാരായി അനുഭവപ്പെടും. രണ്ടു മണിക്കൂര്‍നേരം സിനിമ കണ്ടിരുന്ന പ്രേക്ഷകന്‍െറ ഹൃദയം സ്വന്തം സിനിമയിലെ കഥാപാത്രങ്ങളെ ഇറക്കിവിട്ട് കവര്‍ന്നുകൊണ്ടുപോകുന്ന സംവിധായകരുടെ വലിയൊരു തസ്കരവിദ്യയായിരുന്നു ‘ഒഴിമുറി’യും ‘വൈറ്റ് ടൈഗറും

No comments: